ഗുരുവായൂർ ദേവസ്വം ക്ഷേത്രകലാ പുരസ്കാര സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 30ന്

15

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര സമർപ്പണവും ഗുരുവായൂർ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 30 ന് രാവിലെ 10.30ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. തുള്ളൽ കലയിൽ നിസ്തുല സംഭാവനകൾ നൽകിയ ഓട്ടംതുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥനാണ് 2021ലെ ക്ഷേത്രകലാ പുരസ്കാരത്തിന് അർഹനായത്. 55,555 രൂപയും ഗുരുവായൂരപ്പന്റെ 10 ഗ്രാം സ്വർണ പതക്കവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 

ഇതോടനുബന്ധിച്ച് കിഴക്കേനടയിൽ പുതുതായി പണിയുന്ന കച്ചവട സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും നടക്കും. 29 കോടി രൂപ ചെലവഴിച്ചാണ് കച്ചവട സമുച്ചയം നിർമിക്കുന്നത്. കൂടാതെ കേരളത്തിലെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ധനസഹായ വിതരണം, ‘അഖിലം മധുരം’ എന്ന ഗുരുവായൂരിന്റെ ഇതിഹാസ ഡോക്യുമെന്ററിയുടെ ശീർഷകഗാന പ്രകാശനം, കിഴക്കേനടയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി നവീകരിച്ച കെട്ടിടം ഭക്തജനങ്ങൾക്ക് സൗജന്യ ഉപയോഗത്തിനായി സമർപ്പിക്കൽ, 150 സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് വിതരണം, പുന്നത്തൂർ ആനത്താവളത്തിൽ 60 ടൺ ശേഷിയുള്ള വെയ്ങ്ങ് ബ്രിഡ്ജിന്റെ പ്രവർത്തനോദ്ഘാടനം, കൗസ്തുഭം കോമ്പൗണ്ടിലെ നവീകരിച്ച അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവയും നടക്കും. 

ഗുരുവായൂർ ദേവസ്വത്തിന്റെ ഈ പദ്ധതികൾക്ക് സഹകരിച്ച സ്തുത്യർഹമായ സേവനം നൽകിയവരെ ചടങ്ങിൽ ആദരിക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിക്കും. എൻ കെ അക്ബർ എംഎൽഎ വിശിഷ്ടാതിഥിയാകും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ മുൻ എംഎൽഎ കെ അജിത്ത്, കെ സി ശ്രീമാനദേവൻ രാജ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി പി സി നാരായണൻ നമ്പൂതിരിപ്പാട്, കെ വി ഷാജി, ഈ പി ആർ വേശാല, എ വി പ്രശാന്ത്, അഡ്വ. കെ വി മോഹനകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി, പുരസ്ക്കാര നിർണയ കമ്മിറ്റി അംഗം വി മുരളി എന്നിവർ പങ്കെടുക്കും.