ചാവക്കാട് നിന്നും പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായിട്ട് മൂന്നാഴ്ച : ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം

10

ചാവക്കാട് നിന്നും മൂന്നാഴ്ച മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കുറിച്ച് അന്വേഷണ സംഘത്തിന് ഒരു തെളിവും ലഭിച്ചില്ല. ചേറ്റുവ സ്വദേശികളായ സനോജ്, ശിൽപ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയെയാണ് കാണാതായത്. ഇരുപത്തിനാല് ദിവസം പിന്നിട്ടിട്ടും അമലിനെ കുറിച്ച് വിവരമില്ല. മകന് വേണ്ടി പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് മാതാപിതാക്കൾ.
അമ്മയ്‌ക്കൊപ്പം ബാങ്കിൽ പോയപ്പോഴാണ് അമലിനെ കാണാതായത്. ഇതിന് പിന്നാലെ പരിസരങ്ങളിലെല്ലാം മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും അമലിനെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

തുടർന്ന് മാതാപിതാക്കൾ വാടാനപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു. അമലിന്റെ കൈവശം ഫോൺ ഉണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫ് ആണ്. ഒരു മാസത്തെ കോൾ വിവരങ്ങൾ എടുത്തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആളാണ് അമൽ. അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്‌കോളർഷിപ്പ് തുക ഉൾപ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേയ്ക്ക് പോയിട്ടുണ്ട്. നാളുകളായി അക്കൗണ്ടിൽ ഇടപാടുകളും നടക്കുന്നില്ലെന്നാണ് കണ്ടെത്തൽ.