ജിയോ ബേബി, ജയരാജ്, മനോജ് കുറൂർ, കെ.രേഖ എന്നിവർ ജേതാക്കൾ: പത്മരാജൻ ചലച്ചിത്ര-സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

9

പി.പത്മരാജന്റെ പേരിലുള്ള പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര-സാഹിത്യ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ന്റെ സംവിധായകൻ ജിയോ ബേബി അർഹനായി(2,500 രൂപ). മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് ജയരാജ് (15000രൂപ) ആണ്. ‘ഹാസ്യം’ എന്ന ചിത്രത്തിനുള്ള തിരക്കഥയ്ക്കാണ് അവാർഡ്. മനോജ് കൂറൂർ എഴുതിയ ‘മുറിനാവ് ‘എന്ന നോവലിനാണ് നോവൽ പുരസ്കാരം. കെ. രേഖയുടെ ‘അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും’ എന്ന ചെറുകഥയും പുരസ്കാരത്തിനർഹമായി. നോവലിന് ഇരുപതിനായിരം രൂപയും ചെറുകഥക്ക് പതിനയ്യായിരം രൂപയുമാണ് പുരസ്കാരത്തുകകൾ.
കെ.സി. നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. പത്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്കാരങ്ങൾ കോവിഡ് സാഹചര്യത്തിൽ പിന്നീട് സമ്മാനിക്കും.