ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: വാക്സിനേഷൻ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം

9
8 / 100

ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലും വാർഡ് തല മൊബൈൽ രജിസ്ട്രേഷൻ കമ്മിറ്റികൾ രൂപീകരിക്കണം. ഈ കമ്മറ്റികൾ 45 വയസ്സിന് മുകളിലുള്ളവരെ കണ്ടെത്തി സർക്കാർ തലത്തിലോ സ്വകാര്യ തലത്തിലോ വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കണം. വാർഡ് അംഗങ്ങൾ അടിയന്തരമായി വീടുവീടാന്തരം കയറിയിറങ്ങി വാക്സിനേഷൻ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്ത് ജനങ്ങളെ ബോധവാന്മാരാക്കി വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കൂ. ഗവണ്മെന്റ്-സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വാക്സിനേഷൻ നൽകൽ നിർബന്ധമാക്കണം. കടകളിൽ നിൽക്കുന്നവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വാക്സിനേഷൻ എടുക്കുക എന്നത് നിർബന്ധമാക്കണം. എടിഎമ്മുകളിലും ബാങ്കുകളിലും മറ്റും നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കും.

കോവിഡ് സംബന്ധിച്ച് ജനങ്ങൾക്കുള്ള ജാഗ്രത കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 1.8 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയർന്നിരിക്കുന്നു. ജില്ലയിൽ എറിയാട്, മുളങ്കുന്നത്തുകാവ്, പുത്തൂർ, ആളൂർ, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തുകൾ, ഗുരുവായൂർ, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭകൾ, തൃശൂർ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ഉയർന്ന കോവിഡ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു.

കോവിഡ് വ്യാപനത്തെക്കുറിച്ച് കൂട്ടായ ബോധവൽക്കരണം ആവശ്യമാണ്. പൊതുസ്ഥലങ്ങളിലും തെരുവുകളിലും ആളുകൾ കൂടുന്നത് സംബന്ധിച്ച് കൂടുതൽ ജാഗരൂകരാകണം. ബീച്ചുകളിലും മാളുകളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം. ഇതിനായി പൊലീസിന്റെ സേവനവും ഊർജ്ജിതമാക്കുമെന്ന് കലക്ടർ അറിയിച്ചു.

യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ ജില്ലാ മിഷൻ, ആരോഗ്യപ്രവർത്തകർ, ഡിഡി പഞ്ചായത്ത്, സിറ്റി – റൂറൽ പൊലീസ് വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.