തമിഴ്നാട് സംസ്ഥാന ആസൂത്രണ സമിതിയിൽ ട്രാൻസ്ജെൻഡർ പ്രാതിനിധ്യത്തോടെ പുനസംഘടിപ്പിച്ചു: നർത്തകി നടരാജ് സമിതി അംഗം

5

തമിഴ്നാട് സ്റ്റേറ്റ് ഡെവലപ്മെന്റ് പോളിസി കൗൺസിൽ (എസ് ഡി പി സി) പുനഃസംഘടിപ്പിച്ചു. വ്യവസായിയായ മല്ലിക ശ്രീനിവാസൻ, ട്രാൻസ്‌ജെൻഡർ കൂടിയായ നർത്തകി നടരാജ്, മന്നാർഗുഡിയിലെ ഡി എം കെയുടെ എം എൽ എ ടി ആർ ബി രാജ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ ചെയർമാൻ ആയ സമിതിയിൽ സാമ്പത്തികവിദഗ്ദ്ധൻ ജെ ജയരഞ്ജൻ വൈസ് ചെയർമാനായി പ്രവർത്തിക്കും.
മദ്രാസ് സർവകലാശാലയിലെ എക്കണോമെട്രിക്സ് വകുപ്പിൽ പ്രൊഫസറായ പ്രൊഫ: ആർ ശ്രീനിവാസൻ ഈ സമിതിയിൽ സ്ഥിരാംഗമായി പ്രവർത്തിക്കും. പ്രൊഫ: എം വിജയഭാസ്കർ, പ്രൊഫ: സുൽത്താൻ അഹമ്മദ് ഇസ്മയിൽ, മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം ദീനബന്ധു, വാസ്കുലാർ സർജൻ ജെ അമലോർപവനാഥൻ, സിദ്ധ പരിശീലകൻ ജി ശിവരാമൻ എന്നിവരാകും സമിതിയിലെ മറ്റ്‌ അംഗങ്ങളെന്ന് സംസ്ഥാന ഗവണ്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.2019-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച നർത്തകി നടരാജ് രാജ്യത്ത് പദ്മശ്രീ നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തിത്വമാണ്. നടരാജ്, ടി എ എഫ് ഇ ലിമിറ്റഡിന്റെ ചീഫ് മാനേജിങ് ഡയറക്റ്റർ ആയ മല്ലിക ശ്രീനിവാസൻ, മൂന്ന് തവണ ജനപ്രതിനിധിയാവുകയും അടുത്തിടെ ഡോക്റ്ററേറ്റ് നേടുകയും ചെയ്ത രാജ, മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മുൻ സെനറ്റ് അംഗം കൂടിയായ ആർ ശ്രീനിവാസൻ എന്നിവരെ സംസ്ഥാന ആസൂത്രണ സമിതിയുടെ ഭാഗമാക്കിയതോടെ നിർണായകമായ ഈ സമിതിയിൽ കൂടുതൽ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.