തിരുവോണം ബമ്പറില്‍ തൃശൂർ ജില്ലയ്ക്ക് റെക്കോര്‍ഡ് വില്പന: ഇതിനകം 35 കോടിയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു; ഇതുവരെയായി 8,79,200 ടിക്കറ്റുകൾ വിറ്റു

14

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പറില്‍ ജില്ലയ്ക്ക് റെക്കോര്‍ഡ് വില്പന. ഇതിനകം 35 കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 8,79,200 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 5,56,400, ഗുരുവായൂരില്‍ 1,40,800, ഇരിങ്ങാലക്കുടയില്‍ 1,82,000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ജൂലൈ 18 മുതലാണ് ബമ്പര്‍ ടിക്കറ്റ് വില്പന തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ആറ് ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും വില്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടക്കുകയാണ് തൃശൂര്‍.

Advertisement

ടിക്കറ്റെടുക്കുന്നതില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. പത്ത് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബമ്പര്‍ (BR87) ഇന്ന് (സെപ്റ്റംബര്‍ 18) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് കോടി രണ്ടാം സമ്മാനം. പത്ത് പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം ലഭിക്കും. പത്ത് വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്‌ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ
ഭാഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റായ keralalotteries.comലാണ് ഫലം പ്രസിദ്ധീകരിക്കുക.

Advertisement