തൃശൂരിൽ നാലോണ നാളിൽ ആചാരം കാക്കാൻ ‘ഒറ്റ’പുലിയിറങ്ങും; ഓൺലൈനിൽ പുലിക്കളി ആഘോഷിക്കും

77

നാലോണ നാളിൽ പുലികളിറങ്ങി രൗദ്രമാവുന്ന സ്വരാജ് റൗണ്ടിൽ അതിന്റെ ഓർമ്മ പുതുക്കാനും ചടങ്ങ് നിർവഹിക്കാനും ഒറ്റപ്പുലി ഇറങ്ങും. വിയ്യൂർ പുലികളി സെന്ററാണ് നാലോണ ദിവസം ഒറ്റപുലിയെ ഇറക്കുന്നത്. 24നാണ് പുലിക്കളി. നാല് മണിക്ക് നായ്ക്കനാൽ വഴി കേറി വടക്കുംനാഥനെ വണങ്ങി ഗണപതിക്ക് ഒറ്റപ്പുലി തേങ്ങയുടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങ് നടത്തുകയെന്ന് വിയ്യൂർ പുലികളി സെന്റർ രക്ഷാധികാരിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. ഓൺലൈൻ വഴി ലോകത്തുള്ള എല്ലാവര്ക്കും പുലിക്കളി കാണാം. ഈ കോവിഡ് കാലവും കടന്ന് അതിന്റെ മുഴുവൻ പ്രൗഢിയോടെ ഇനിയുമൊരു പുലികളിക്ക് ഉണ്ടാവുമെന്ന സൂചന നല്കുന്നതിനാണ് ഒറ്റപുലിയിറക്കം നടത്തുന്നതെന്ന് ജോൺ ഡാനിയൽ പറഞ്ഞു. അതേ സമയം അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ പുലിക്കളിയാഘോഷം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഫേസ്ബുക്ക് പേജിൽ സംപ്രേഷണം ആരംഭിക്കും.