തൃശൂർ ജില്ലയിൽ വിതരണത്തിനൊരുങ്ങി 248 വനഭൂമി പട്ടയങ്ങള്‍: ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തൃശൂര്‍ താലൂക്കില്‍

8

ജില്ലയില്‍ വിതരണത്തിനൊരുങ്ങി 248 വനഭൂമി പട്ടയങ്ങള്‍. തൃശൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. 216 വനഭൂമി പട്ടയങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് 75 പട്ടയങ്ങളുമായി പീച്ചി വില്ലേജും രണ്ടാമത് 64 പട്ടയങ്ങളുമായി മാടക്കത്തറ വില്ലേജുമാണ്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് റവന്യൂമന്ത്രി കെ.രാജന്റെ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്. തലപ്പിള്ളി താലൂക്കില്‍ 28 ഉം ചാലക്കുടി താലൂക്കില്‍ 4 പട്ടയങ്ങളുമാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്. സെപ്റ്റംബര്‍ 14ന് നടക്കുന്ന പട്ടയമേളയില്‍ ജില്ലയില്‍ 248 വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യും. 863 വനഭൂമി പട്ടയങ്ങളാണ് ഇതുവരെ ജില്ലയില്‍ വിതരണം ചെയ്തത്.

കയറി കിടക്കാന്‍ സ്വന്തമായൊരു വീടെന്നത് ജനങ്ങളുടെ അവകാശമാണെന്നും സാധാരണക്കാരുടെ ഈ ആഗ്രഹത്തിന് മേലുള്ള എല്ലാവിധ നിയമ തടസങ്ങളും നീക്കി ഭൂമി നല്‍കുകയാണ് പട്ടയ വിതരണത്തിലൂടെ സാധ്യമാകുന്നതെന്ന് റവന്യൂമന്ത്രി പറഞ്ഞു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെയാണ് റവന്യൂവകുപ്പ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി ലഭ്യമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.