തൃശൂർ പൂരം പ്രദർശനത്തിന് നാളെ തുടക്കം

128

കോവിഡ് ആശങ്കക്കിടയിലും തൃശൂർ പൂരം ആഘോഷിക്കാനൊരുങ്ങുന്നു. പൂരത്തോടനുബന്ധിച്ചുള്ള പൂരം പ്രദർശനത്തിന് നാളെ തുടക്കമാകും. വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ കിഴക്കേ നടയിലെ സ്ഥിരം പ്രദർശന നഗരിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.സി.മൊയ്തീൻ പ്രദർശനത്തിൻറെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എസ്.സുനിൽ കുമാർ പങ്കെടുക്കും. മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയാകും. ടി.എൻ.പ്രതാപൻ എം.പി അധ്യക്ഷത വഹിക്കും. ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ളോസീവ് (പെസോ) ഡോ.ആർ വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, മുൻ മേയറും കോർപ്പറേഷൻ പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ ജെ പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി നാരായണൻ, വി.കെ.അയ്യപ്പൻ, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, റെജി ജോയ് എന്നിവർ പങ്കെടുക്കും. നേരത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രദർശന നഗരിയിലേക്ക് ഇ ടിക്കറ്റ് മുഖേന മാത്രമേ പ്രവേശനമനുവദിക്കാനാവൂ എന്നതും ഇരുന്നൂറ് പേർക്ക് മാത്രമേ ഒരു സമയം അനുവദിക്കൂ എന്നുമുള്ള ആരോഗ്യവകുപ്പിൻറെ സർക്കുലർ ഏറെ വിവാദത്തിനിടയാക്കിയിരുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കി, കോവിഡ് ചട്ടങ്ങൾ പാലിക്കുന്നത് ദേവസ്വങ്ങൾ ഉറപ്പ് വരുത്താനും നിർദ്ദേശിച്ചാണ് പൂരം ചടങ്ങുകൾക്കും പ്രദർശനത്തിനുമുള്ള അനുമതി. വീണ്ടും രാജ്യത്ത് കോവിഡ് വ്യാപനമുണ്ടാവുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് സംഘാടകർ പൂരം ഒരുക്കങ്ങൾ നടത്തുന്നത്.