തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം: ഘടകപൂരങ്ങളിലെ ആൾനിയന്ത്രണ നിർദ്ദേശം നീക്കി: അരുൺ കെ വിജയൻ തൃശൂർ പൂരം നടത്തിപ്പ് മുഖ്യ ചാർജ്ജ് ഓഫീസർ; കൊടിമരങ്ങൾക്ക് തട്ടകത്ത് വരവേൽപ്പ്, പൂരം ചടങ്ങ് മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

65

തൃശൂര്‍ പൂരം നടത്തിപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ചു. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കി. ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാകസിന്‍ എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം. 50 പേര്‍ക്ക് മാത്രമെ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്ന് പങ്കെടുക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം പൊലീസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഘടക പൂരങ്ങളുടെ ഭാരവാഹികള്‍ കലക്ടറുമായി ചര്‍ച്ചയ്‌ക്കെത്തിയത്. 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷ്ണര്‍ അരുണ്‍ കെ വിജയനെ മുഖ്യ ചാര്‍ജ് ഓഫീസറായി ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. കൊടിയേറ്റിനായി ഭൂമി തൊടാതെ മുറിച്ചെടുത്ത കവുങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് തട്ടകക്കാരുടെ സ്വീകരണത്തോടെ ക്ഷേത്രങ്ങളിലെത്തിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലേക്കുള്ള കൊടിമരം പാട്ടുരായ്ക്കലിൽ നിന്നും ദേവസ്വം പ്രതിനിധികളും തട്ടകക്കാരും ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലെത്തിച്ചു. അതേ സമയം കോവിഡ് വ്യാപന ഭീതി നിലനിൽക്കെ തൃശൂർ പൂരം ആഘോഷമായി നടത്താതെ ചടങ്ങ് മാത്രമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് ഹർജിയെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച അജിത് മേനോൻ പൊന്നേംകാട്ടിലാണ് കളക്ടർക്ക് ഹർജി നൽകിയത്. കുട്ടികൾക്കും ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാനുള്ള സംവിധാനം ഇനിയും വന്നിട്ടില്ല. കോവിഡ് വ്യാപനം അതിവേഗത്തിലാണ്. വ്യാപന സാധ്യത തടയാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ആഘോഷത്തേക്കാൾ മാനവരാശിയുടെ ആരോഗ്യത്തിനും പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ടെന്നും രോഗഭീതി വർധിച്ച സാഹചര്യത്തിൽ പൂരം നിയന്ത്രണത്തോടു കൂടിയാണെങ്കിൽ പോലും ആഘോഷമായി നടത്തരുതെന്നും ചടങ്ങ് മാത്രമായി നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും അജിത് മേനോൻ ഹർജിയിൽ ആവശ്യപ്പെട്ടു.