
പീച്ചി – വാഴാനി ടൂറിസം കോറിഡോര്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് സാങ്കേതികാനുമതി. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അറിയിച്ചു. പീച്ചി – വാഴാനി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പുനരുദ്ധാരണത്തിനായി കിഫ്ബി മുഖേന 62 കോടി രൂപ അനുവദിച്ചിരുന്നു. 58.80 കോടി രൂപയ്ക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട് (ചെയിനേജ് 7/000) മുതല്‍ തെക്കുംകര ഗ്രാമപഞ്ചായത്തിലെ കരുമത്ര (ചെയിനേജ് 18/650) വരെയുള്ള 11.560 കിലോമീറ്റര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയാണ് ടെണ്ടര്‍ ചെയ്തത്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മാടക്കത്തറ, തെക്കുംകര ഗ്രാമപഞ്ചായത്ത് ജലനിധി പൈപ്പ് ലൈനുകള്‍, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകള്‍, ടെലിഫോണ്‍ ലൈനുകള്‍, കെഎസ്ഇബി ലൈനുകള്‍ എന്നിവ റോഡ് വികസനത്തിന് തടസമുണ്ടാകാത്ത വിധം സൗകര്യപ്രദമായ രീതിയില്‍ മാറ്റി സ്ഥാപിക്കുന്നതിനായി (യൂട്ടിലിറ്റി ഷിഫ്റ്റിങ്) പ്രത്യേക എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി അംഗീകാരം നേടിയിട്ടുണ്ട്.
റോഡ് ബി.എം.ബി.സി നിലവാരത്തില്‍ പുനരുദ്ധാരണം നടത്തുന്ന പ്രവൃത്തിയില്‍, 10 മീറ്റര്‍ ആകെ വീതിയില്‍ 7 മീറ്റര്‍ ടാറിംഗും ഇരുവശങ്ങളിലും കാന നിര്‍മ്മാണവും ഉണ്ടായിരിക്കും. 12 കലുങ്കുകള്‍ പുതുക്കി പണിയുന്നതിനും 12 കലുങ്കുകള്‍ വീതി കൂട്ടുന്നതിനുമുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.5 കി.മീ. നീളത്തില്‍ ഫുട്പാത്ത് ടൈലുകള്‍ വിരിക്കുന്നതിനും ആവശ്യമുള്ളയിടങ്ങളില്‍ ദിശാബോര്‍ഡുകള്‍, മറ്റു റോഡ് സുരക്ഷാ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിംഗ് മുതലായവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.