പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന സായൂജ്യം നേടി ഭക്തർ; ആദ്യ ജ്യോതി തെളിഞ്ഞത് 6.50ന്, ശരണം വിളികളാൽ നിറഞ്ഞ് ശബരീശ സന്നിധി

32

പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു; ദർശനപുണ്യത്തിൽ അയ്യപ്പർ. ശരണംവിളികളിൽ പതിനെട്ടു മലകളും പ്രകമ്പനം കൊണ്ടു. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്. 6.50ന് ആണ് ആദ്യ ജ്യോതി തെളിഞ്ഞത്. അസന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ഭക്തർക്ക് നിർവൃതിയുടെ നിമിഷം. മകരസംക്രമസന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികൾ യാത്രയെ വാദ്യമേളങ്ങൾ, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ, എ.ഡി.ജി.പി എസ്.ശ്രീജിത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. അതിനു പിന്നാലെയാണ് പൊന്നമ്പല മേട്ടിൽ മകരവിളക്കു തെളിഞ്ഞത്. ഉച്ചയ്ക്ക് 2.29ന് മകര സംക്രമ മുഹൂർത്തത്തിൽ, കവടിയാർ കൊട്ടാരത്തിൽനിന്നുള്ള മുദ്രയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തിരുന്നു. മകരസംക്രമ പൂജയ്ക്കു ശേഷം അടച്ച നട വൈകിട്ട് അഞ്ചുമണിക്കാണു തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒരിടത്തും പർണശാലകൾ കെട്ടാൻ അനുമതിയുണ്ടായിരുന്നില്ല. പുല്ലുമേട്ടിൽ ഇത്തവണ ദർശനത്തിന് അനുമതിയില്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിലെ വിശ്രമത്തിനു ശേഷം പുലർച്ചെ മൂന്നുമണിക്കു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര തലപ്പാറ കോട്ട, അട്ടത്തോട് കോളനി, ഏട്ടപ്പട്ടി, ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടത്തെത്തി. വിശ്രമത്തിനു ശേഷം ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം വഴിയാണ് ശരംകുത്തിയിലെത്തിയത്. ജനുവരി 19 വരെ ഭക്തർക്കു ദർശനം നടത്താം.

Advertisement
Advertisement