പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കെ.എസ്.ആർ.ടി.സി സർവീസ് നടത്തും, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല; നിർബന്ധിച്ച് കടകളടപ്പിച്ചാൽ കർശന നടപടി, സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിൽ

1

ഹർത്താലിന്‍റെ സാഹചര്യത്തില്‍ വെള്ളിയാഴ്ച സാധാരണ പോലെ സർവ്വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് അധികാരികൾക്കും കെ.എസ്.ആർ.ടിസി. നിർദ്ദേശം നൽകി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും.
എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടാനും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസ് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.
എൻ.ഐ.എ. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
സാമൂഹ്യമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നടപടി
ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹർത്താൽ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി

Advertisement

പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. അതേസമയം കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള നഴ്സിങ് കൌണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷതീയതികൾ പിന്നീട് അറിയിക്കും.കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടി ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും, മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement