പോലീസ് ഓർമ്മിപ്പിക്കുന്നു, ‘സത്യവാങ്മൂലം വെറുമൊരു കടലാസല്ല’: സുനിലിന്റെ സത്യസന്ധതക്കൊപ്പം സത്യവാങ്മൂലവും തുണയായി; സെലിന് പേഴ്സും തങ്കക്കട്ടിയും തിരിച്ചുകിട്ടി

101

കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ആവശ്യമറിയിച്ചുള്ള സത്യസന്ധമായ സത്യവാങ്മൂലം കരുതാനുള്ള പോലീസ് നിർദ്ദേശം വെറുതെയല്ല. അതിന് ഏറെ മൂല്യമുണ്ടെന്ന് തൃശൂരിലെ സെലിൻ സാക്ഷ്യമാണ്. നഷ്ടപ്പെട്ട പേഴ്സും രേഖകളും സ്വർണ്ണവുമുൾപ്പെടെ തിരികെ കിട്ടാൻ കാരണമായത് വീണ് കിട്ടിയ സുനിലെന്ന യുവാവിന്റെ സത്യസന്ധതക്കൊപ്പം തുണയായത് പേഴ്സിൽ സൂക്ഷിച്ചിരുന്ന സത്യവാങ്മൂലമായിരുന്നു. കിഴക്കേ കോട്ടയിൽ വെള്ളിയാഴ്ച ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ യൂസഫിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. വാഹന പരിശോധന നടക്കുന്നിടത്തേക്ക് അരിമ്പൂർ സ്വദേശി സുനിൽ കയ്യിലൊരുപേഴ്സുമായി എത്തുകയായിരുന്നു. വഴിയിൽ കിട്ടിയതാണെന്ന് അറിയിച്ച് അത് പോലീസിന് കൈമാറി. പേഴ്സ് എത്തിച്ച സുനിലിന്റെ വിലാസവും ഫോൺനമ്പരുമുൾപ്പെടെ പോലീസ് രേഖപ്പെടുത്തി. പേഴ്സ് പരിശോധിച്ചതിൽ 400 രൂപയും എ.ടി.എം കാർഡും മറ്റ് രേഖകളുമുണ്ടായിരുന്നു. പക്ഷേ, ആളെ തിരിച്ചറിയാൻ സഹായമായത് അതിൽ സൂക്ഷിച്ചിരുന്ന മൊബൈൽ നമ്പരുൾപ്പെടെയുള്ള സത്യവാങ്മൂലമായിരുന്നു. അവിടെ വെച്ച് തന്നെ നമ്പരിൽ ബന്ധപ്പെട്ട് എത്തിച്ചേരാൻ അറിയിച്ചു. ഇതിനിടയിൽ തിരക്കുണ്ടെന്ന് അറിയിച്ച് സുനിൽ മടങ്ങിയിരുന്നു. ഇതിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ വിശാഖ് പേഴ്സ് കൂടുതൽ പരിശോധിച്ചതിൽ 43 ഗ്രാം തങ്കക്കട്ടി കിട്ടി. ഉടൻ തന്നെ വിവരം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫിറോസിനെ അറിയിച്ചതനുസരിച്ച് എത്തി. ഇതിനിടയിൽ സത്യവാങ് മൂലത്തിലെ ഫോൺ നമ്പരിൽ വിളിച്ചതനുസരിച്ച് എത്തിയയാളിൽ നിന്നും വിവരങ്ങൾ തേടി പേഴ്സ് ഉടമയെന്ന് ഉറപ്പിച്ചു. ജ്യോതി രത്ന ആഭരണ നിർമ്മാണശാലയുടെ ഉടമയായ സെലിൻ ജോർജ്ജിൻറേതായിരുന്നു പേഴ്സും സ്വർണ്ണവും. സെലിന് തങ്കക്കട്ടിയടക്കമുള്ള പേഴ്സ് തിരിച്ചേൽപ്പിച്ചു. പേഴ്സ് ഏൽപ്പിച്ച സുനിലിനെ പോലീസുകാർക്ക് മുന്നിൽ വെച്ച് തന്നെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചാണ് സെലിൻ മടങ്ങിയത്.