രാജ്യത്ത് ഒന്നര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കണക്ക്; കോവിഡ് രോഗികൾ ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവും

26

രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 839 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ലക്ഷം കടന്നു. കോവിഡ് കേസുകളില്‍ ഏറെയും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം സംസ്ഥാനങ്ങളില്‍ നിന്നാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ടീക്കാ ഉത്സവ് ഇന്ന് മുതലാണ്. ബുധനാഴ്ച വരെയാണ് വാക്സിന്‍ ഉത്സവമായി ആചരിക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖത കാട്ടുന്നതായി ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ ലക്ഷ്യമിട്ട് രാജ്യം വാക്‌സിന്‍ ഉത്സവമായി ആചരിക്കുകയാണ്. ഏപ്രില്‍ 14 വരെയുള്ള വാക്‌സിന്‍ ഉത്സവത്തിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.