ലോകം പന്തിൽ: ലോകകപ്പിന് ഇന്ന് ഖത്തറിൽ കിക്കോഫ്

4

ലോക ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറില്‍ ഇന്ന് കിക്കോഫ്.  ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇന്ന്  ഇക്വഡോറിനെ നേരിടും. രാത്രി 9.30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. സമീപകാലത്ത് തകർപ്പൻ ഫോമിലാണ് ഫെലിക്സ് സാഞ്ചെസ് പരിശീലകനായ ഖത്തർ ടീം. ഏഷ്യൻ കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച മറൂൺസിന് കോപ്പ അമേരിക്കയിലും കളിച്ച പരിചയ സമ്പത്തുണ്ട്. ഏഷ്യൻ കപ്പിലും ഗോൾഡ് കപ്പിലും ഗോളടിച്ചു കൂട്ടിയാണ് ഖത്തർ ടീമിന്റെ വരവ്. അറ്റാക്കിംഗ് ഫുട്ബോൾ ശീലമാക്കിയ ഖത്തര്‍ ടീമിന്റെ സൂപ്പർ താരം അൽമോസ് അലിയാണ്. അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ പ്രത്യേക കരുത്ത് തന്നെ ഉണ്ട് അൽമോസിന്. 11ാം നമ്പർ ജഴ്സിയണിയുന്ന അക്രം അഫീഫും 28 ആം നമ്പർ ജഴ്സിയണിയുന്ന ഘാന വംശജൻ മുഹമ്മദ് മുന്താറിയുമാണ് ഖത്തറിന്റെ മറ്റ് പ്രധാന താരങ്ങൾ. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ അട്ടിമറി വിജയത്തോടെ ഹസൻ അൽ ഹൈദോസിനും സംഘത്തിനും അരങ്ങേറണം. അതേസമയം നാലാം ലോകകപ്പിന് ഇറങ്ങുന്ന ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിന് ആശങ്കകൾ ഏതുമില്ല. ഗുസ്താവോ അൽഫാരോ എന്ന പരിശീലകന് കീഴിൽ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. യൂറോപ്യൻ ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇക്വഡോറിന്റെ കരുത്ത്. 13ാം നമ്പർ ജഴ്സിയണിയുന്ന നായകൻ  എന്നർ വലൻസിയയാണ് ടീമിന്റെ വജ്രായുധം. 11ാം നമ്പർ താരം മൈക്കേൽ എസ്ത്രാഡയും 23 ആം നമ്പർ താരം മോയിസസ് കെയ്സഡോയും 15 ആം നമ്പർ താരം ഏയ്ഞ്ചൽ മിനയുമാണ് ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. ഏതായാലും ലാറ്റിനമേരിക്കയും ഏഷ്യയും തമ്മിലുള്ള പോരിന് കൂടിയാണ് അൽബായ്ത് വേദിയാവുക.

Advertisement
315603419 5894699597260767 6364293060763698383 n
Advertisement