ലോകകപ്പിൽ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ; ലോകം തരിച്ചിരുന്നു, മരവിപ്പ് മാറാതെ അർജന്റീന ആരാധകർ; തോൽവിയറിയാത്ത 36 മൽസരങ്ങളുടെ ആദ്യ തോൽവിയിൽ അർജന്റീന

89

ലോകകപ്പ് ഫുട്ബോളില്‍ കൊമ്പുകുലുക്കി വന്ന അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. ലോകകപ്പിന്റെ ചരിത്രത്തില്‍ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണിത്.ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികയിൽ ലോകം ഞെട്ടിത്തരിച്ചിരുന്നപ്പോൾ, ലോകമെങ്ങുമുള്ള ആരാധകര്‍ മരവിച്ചുപോയ നിമിഷം. ലയണല്‍ മെസി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. ഓഫ്സൈഡ് കെണയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളര്‍ന്ന അര്‍ജന്റീന ലീഡിനുവേണ്ടി വൃഥാ വിയര്‍ക്കുമ്പോള്‍ നാല്‍പത്തിയെട്ടാം മനിറ്റില്‍ അല്‍ ഷെഹ്‌രിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ ബോക്സിന്റെ വക്കില്‍ നിന്ന് മുഴുവന്‍ ഡിഫന്‍ഡര്‍മാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അല്‍ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാര്‍ട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അര്‍ജന്റീനയുടെ ആരാധകര്‍ കൂടി ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്. അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസ്സിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. മത്സരത്തില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ടാമതൊരു ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
രണ്ടാം പകുതിയില്‍ അടിമുടി മാറിയ കളിയാണ് സൗദി അറേബ്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റത്തിലും ശ്രദ്ധ ചെലുത്തി സൗദി അറേബ്യ അര്‍ജന്റീനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സാലി അല്‍ ഷെഹ്‌രിയിലൂടെ സൗദി അറേബ്യ അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. സാലി അല്‍ഷെഹ്‌രിയാണ് സൗദിയ്ക്കായി ലക്ഷ്യം കണ്ടത്. ഇന്‍ജുറി ടൈമില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സൗദി താരം അല്‍ ഷഹ്‌റാനിയ്ക്ക് പരിക്കേറ്റത് ഗ്രൗണ്ടില്‍ ആശങ്ക പരത്തി. താരത്തിന് ഉടന്‍ വൈദ്യ സഹായം നല്‍കി. പിന്നീടുള്ള മിനിറ്റുകളില്‍ അര്‍ജന്റീന പരമാവധി ശ്രമിച്ചെങ്കിലും സൗദിയുടെ ചരിത്ര വിജയത്തെ തടയാനായില്ല. തോൽവിയറിയാത്ത 36 മത്സരങ്ങളിൽ ഖത്തറിൽ സൗദിക്ക് മുന്നിൽ കാലിടറി വീണ് അര്‍ജന്റീനയുടെ കനത്ത തോൽവിയേറ്റുവാങ്ങി.

Advertisement
Advertisement