വടക്കുന്നാഥന്റെ ഗോപുരങ്ങൾ സംരക്ഷിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനകീയ സമിതി വരുന്നു: ക്ഷേത്രത്തിലെ തകർച്ച നേരിടുന്ന കിഴക്കേഗോപുരമടക്കമുള്ള ശോചനീയാവസ്ഥ സംരക്ഷിക്കാൻ ജനകീയസമിതിയുടെ പ്രവർത്തനത്തിന് ക്ഷേത്രം ഉപദേശകസമിതിക്ക് കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി

32

വടക്കുന്നാഥന്റെ ഗോപുരങ്ങൾ സംരക്ഷിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനകീയ സമിതി വരുന്നു. ക്ഷേത്രത്തിലെ തകർച്ച നേരിടുന്ന കിഴക്കേഗോപുരമടക്കമുള്ള ശോചനീയാവസ്ഥ സംരക്ഷിക്കാൻ ജനകീയസമിതിയുടെ പ്രവർത്തനത്തിന് ക്ഷേത്രം ഉപദേശകസമിതിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് അനുമതി നൽകി. ജില്ലയിലെ മൂന്ന്‌ മന്ത്രിമാർ, എം.എൽ.എ. തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാകും. ദേവസ്വം ബോർഡ് പ്രതിനിധികളും, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പ്രധാനപ്പെട്ട പൗരപ്രമുഖരും ഉൾപ്പെടുത്തിയാവും ജനകീയ കമ്മിറ്റി. കിഴക്കേഗോപുരത്തിലെ മരങ്ങളും കൊത്തുപണികളും പലയിടങ്ങളിലും നശിച്ചുകഴിഞ്ഞു. പുതുക്കാൻ രണ്ടുകോടിയെങ്കിലും വരുമെന്നാണ് ഉപദേശകസമിതി വിദഗ്‌ധരെക്കൊണ്ട് പരിശോധിപ്പിച്ചപ്പോൾ ലഭിച്ച പ്രാഥമിക കണക്ക്. സാമ്പത്തികപ്രതിസന്ധിയിലാണെന്നതിനാൽ ഇത്ര വലിയ പദ്ധതി ഏറ്റെടുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കഴിയില്ല. ഇതാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനത്തിനുള്ള തീരുമാനം. നിർമാണത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും തന്ത്രിയുടെയും അനുമതി വാങ്ങണമെന്ന് ബോർഡ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ജനകീയ സമിതിയാവും നിർമ്മാണ പ്രവർത്തനങ്ങളെങ്കിലും ദേവസ്വം ബോർഡ് മരാമത്തിൻറെ മേൽനോട്ടത്തിലായിരിക്കും നിർമാണം. പടിഞ്ഞാറേഗോപുരത്തിന്റെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടത്താൻ ഉപദേശകസമിതിക്ക് അനുമതി നൽകിയിട്ടുണ്ട്. ചുവരുകളിലെ കൊത്തുപണികൾ പലതും മാഞ്ഞുപോയ സാഹചര്യത്തിലാണ് നടപടി. സാധാരണയായുള്ള സിമന്റോ മണലോ ഉപയോഗിച്ചല്ല വടക്കുന്നാഥൻ ഗോപുരങ്ങളുടെ നിർമ്മാണം. സുർക്കിമിശ്രിതമാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ചോർച്ച തീർക്കുന്നതിനും അനുമതിയായിട്ടുണ്ട്. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി തച്ചാട്ട് ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതിൽ 20 ലക്ഷം വരുമെന്നാണ് കണക്കാക്കിയത്. ചോർച്ചയെത്തുടർന്ന് ചെമ്പുപാളികൾക്ക് അടിയിലുള്ള മരപ്പാളികൾ പലയിടങ്ങളിലും നശിച്ചും കൊത്തുപണികൾ ചിതലരിച്ച നിലയിലുമാണ്. ഇതൊക്കെ നവീകരിക്കേണ്ടതുണ്ട്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ പ്രവർത്തനത്തോടെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.