സത്യപ്രതിജ്ഞാവേദി വാക്സിനേഷൻ കേന്ദ്രമായി: പ്രവർത്തനം തുടങ്ങി

16

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, കോവിഡ് വാക്‌സിന്‍ വിതരണകേന്ദ്രമാക്കി മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പന്തല്‍ പൊളിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടെ വാക്‌സിന്‍ വിതരണം ആരംഭിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. നേരത്തെ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിനേഷനായി തിരക്ക് കൂടുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍കൂടി വാക്‌സിനേഷന്‍ ആരംഭിച്ചതോടെ ആ പരാതിക്കും പരിഹാരമാകുകയാണ്. വെള്ളിയാഴ്ച 150 പേരാണ് ഇവിടെനിന്നും വാക്‌സിന്‍ സ്വീകരിച്ചത്. നാളെ 200 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച് കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.