തൃശൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സുഭിക്ഷ നഗരം പദ്ധതിയുടെയും ആത്മയുടെയും ആഭിമുഖ്യത്തിലുള്ള
കുംഭ വിത്ത് മേള നാളെ. ഒളരിക്കര ഭഗവതി ക്ഷേത്രം മൈതാനിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിക്കും. തൃശൂര്‍ എം പി ടി എന്‍ പ്രതാപന് മുഖ്യാതിഥിയാകും. ഭക്ഷ്യസുരക്ഷയ്ക്ക് കിഴങ്ങുവര്ഗങ്ങള്ക്കുള്ള പ്രാധാന്യം ഉള്‍ക്കൊണ്ട്, കിഴങ്ങുവര്‍ഗ്ഗവിളകളുടെ വിളവെടുപ്പ്, വിത്ത് സംഭരണം, നടീല്‍ എന്നിവയ്ക്ക് അനുയോജ്യമായ കുംഭമാസത്തില്‍ വിവിധയിനങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക, സംരക്ഷിക്കുക, ഇവ കൂടുതല്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുംഭ മേള നടത്തുന്നത്.
കിഴങ്ങുവര്ഗ്ഗവിളകളുടെയും ഇഞ്ചി, മഞ്ഞള്‍ വിളകളുടെയും മറ്റ് നടീല്‍ വസ്തുക്കളുടെയും,ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി കെ എസ് പദ്ധതി വിശദീകരിക്കും. കിഴങ്ങുവര്‍ഗ്ഗവിളകള്‍- ഭൂമിക്കടിയിലെ അക്ഷയ നിധി എന്ന വിഷയത്തില്‍ ഐ സി എ ആര് കസ്റ്റോഡിയന്‍ ഫാര്‍മര്‍ വിനോദ് ഇ ആര് ക്ലാസ് എടുക്കും. കൂടാതെ കാര്‍ഷിക പ്രശ്നോത്തരിയും സംഘടിപ്പിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, വിവിധ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍,
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ സരസ്വതി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ മാത്യു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.