20 കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് വാർഷിക പദ്ധതിയുമായി ചാവക്കാട് നഗരസഭ

8
9 / 100

ചാവക്കാട് നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2021-22 വർഷത്തെ ലേബർ ബജറ്റ് 20,15,50,000 രൂപയാക്കിയ ആക്ഷൻ പ്ലാൻ അംഗീകരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ ശേഖരിച്ചിട്ടുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ അംഗീകൃത സ്ഥാപനമായ എക്കോ ഗ്രീൻ കേരളയുമായി കരാറിൽ ഏർപ്പെടാനും യോഗം തീരുമാനിച്ചു.

സ്വന്തം ഭവനത്തിനായി നഗരസഭാ പരിധിയിൽ ഉള്ളവർ അപേക്ഷിച്ച പിഎംഎവൈ ലൈഫ് പദ്ധതിയുടെ അഞ്ചാംഘട്ട ഡി പി ആർ ഉടൻ തയ്യാറാക്കും. മഴക്കാല പൂർവ്വ ശുചീകരണ പദ്ധതിയായ ആരോഗ്യ ജാഗ്രത പദ്ധതി ചാവക്കാട് നഗരസഭയിൽ നടപ്പിലാക്കും. മുട്ടിൽ കമ്മ്യൂണിറ്റി സെന്ററിന്റെ താഴത്തെ നിലയിൽ ഓട്ടിസം സെന്റർ ആരംഭിക്കുന്നതിന് ബി ആർ സി ക്ക് അനുമതി നൽകാൻ തീരുമാനമായി. നഗരസഭയിലെ കിണർ റീചാർജിങ് പദ്ധതി മഴപൊലിമ എന്ന ഏജൻസി മുഖേന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പി എസ്‌ അബ്ദുൾ റഷീദ്, മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിൽ അംഗങ്ങളായ എം ആർ രാധാകൃഷ്ണൻ, കെ വി സത്താർ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിൻഷ, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി സി എൻ ലളിത എന്നിവരും യോഗത്തിൽ പങ്കെടുത്തു.