45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ജില്ലയിൽ തുടക്കം

24
9 / 100

കോവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷന് ജില്ലയിൽ തുടക്കം. റോട്ടറി ക്ലബ്ബിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജവഹർ ബാലഭവനിൽ ആരംഭിച്ച മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ഷാനവാസ്‌ നിർവഹിച്ചു.

വാക്സിനേഷൻ്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടത്തിയത്. വെള്ളിയാഴ്ച 46 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്.
കൂടുതൽ പേർക്ക് വാക്സിൻ നൽകുന്നതിനായി ക്യാമ്പുകൾക്ക് പുറമെ മെഗാ ക്യാമ്പുകളും സംഘടിപ്പിക്കും. തൃശൂർപൂരം അടുത്തുവരുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് മെഗാ ക്യാമ്പുകൾ നടത്തുന്നത്. ഒരു ദിവസം 1500 പേർക്ക് വാക്സിൻ നൽകാവുന്നവയാണ് മെഗാ ക്യാമ്പുകൾ.

ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ ജയന്തി, ഡോ കെ എൻ സതീഷ്, ഡി പി എം ടി വി സതീശൻ, റോട്ടറി ക്ലബ്‌ ചെയർമാൻ ടോണി ചാക്കോ, ജില്ലാ ഡയറക്ടർ എം ഇ തോമസ്, ബലാഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 2 മുതൽ 15 ദിവസം ജവഹർ ബാലഭവനിൽ മെഗാ ക്യാമ്പ് നടക്കും. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കും.

45 വയസ്സിന് മുകളിലുള്ളവർക്ക് ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട് വന്നും വാക്സിൻ സ്വീകരിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5 മണിവരെ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. നേരിട്ട് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ തിരഞ്ഞെടുപ്പ് ഐഡി കാർഡ്, ആധാർ, ഡ്രൈവിംഗ് ലൈസെൻസ്, പാൻ കാർഡ്, പാസ്പോർട്ട്‌, പെൻഷൻ പാസ് ബുക്ക്‌ ഇവയിൽ ഏതെങ്കിലും ഹാജരാക്കേണ്ടതാണ്.