‘ട്രെൻഡ്’ ഇല്ല, ഇത്തവണ ഫലമറിയാൻ വൈകും

44

തിരഞ്ഞെടുപ്പുഫലം അതിവേഗം ലഭ്യമാക്കിയിരുന്ന ‘ട്രെൻഡ്’ എന്ന പോർട്ടൽ ഇത്തവണ ഉണ്ടാവില്ല. ചീഫ് ഇലക്ടറൽ ഓഫീസാണ് ട്രെൻഡ് വേണ്ടെന്ന തീരുമാനമെടുത്തത്. 1999 മുതൽ കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിജയകരമായി ഉപയോഗിക്കുന്ന പോർട്ടലാണിത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സംസ്ഥാനത്തിന് വേണ്ടി ഇത് രൂപകല്പന ചെയ്തിരുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ results.eci.gov.in എന്ന ലിങ്ക് വഴിയായിരിക്കും ഇത്തവണ വോട്ടെണ്ണുമ്പോൾ ഫലം പുറത്തുവരുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ (Encore) എന്ന വെബ്സൈറ്റാണ് ഫലമറിയാൻ നിലവിലുള്ളത്. ഒരു തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന് രണ്ടു പോർട്ടലുകൾ വേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

ഓരോ വോട്ടെടുപ്പ് യന്ത്രവും എണ്ണിക്കഴിയുമ്പോൾ അതിലെ ഫലം ഉടൻ തന്നെ ട്രെൻഡ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിരുന്നു. അതിനാലാണ് എട്ടുമണിക്ക് എണ്ണൽ തുടങ്ങിയാൽ 8.15ടെ ആദ്യഫല സൂചനകൾ പുറത്തുവന്നിരുന്നത്. 140 മണ്ഡലങ്ങളെയും ഫൈബർ ശൃംഖല ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് സഹായത്തോടെ ബന്ധിപ്പിച്ചാണ് ട്രെൻഡ് പ്രവർത്തിപ്പിച്ചിരുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സംവിധാനമാണ് എൻകോർ. ട്രെൻഡ് ഉണ്ടായിരുന്നപ്പോൾ എൻകോറിലേക്കും ഡേറ്റ ലഭ്യമാക്കിയിരുന്നു. എൻകോറിൽ ഓരോ മേശ എണ്ണിത്തീരുമ്പോഴും ഫലം ലഭ്യമാക്കും. പക്ഷേ, പൊതുജനങ്ങൾക്ക് ഇത് കിട്ടണമെങ്കിൽ ഒരു റൗണ്ട് എണ്ണിക്കഴിയണം. ഉദാഹരണത്തിന് 300 പോളിങ്സ്റ്റേഷനുള്ള ഒരു മണ്ഡലത്തെ 10 റൗണ്ടായി നിശ്ചയിച്ചാൽ 30 പോളിങ് ബൂത്തുകളായിരിക്കും ഒരു റൗണ്ടിൽ വരുക. ഒരു റൗണ്ടിൽ പരമാവധി 30 ബൂത്തുകളാണ് വരുക. ഒരു റൗണ്ട് എണ്ണിത്തീരാൻ ചുരുങ്ങിയത് അരമണിക്കൂർ എടുക്കും. അത് എന്റർ ചെയ്യുമ്പോൾ മാത്രമേ ആ മണ്ഡലത്തിലെ ആദ്യസൂചന പുറത്തുവരൂ.