
തിരുവനന്തപുരം ജി.വി.രാജ സ്‌പോട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുളള 2023-24 അധ്യയനവർഷത്തെ ഫുട്‌ബോൾ കളിക്കാരുടെ സംലക്ഷൻ മെയ് 3 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. തിരുവനന്തപുരം ജി.വി.രാജ സ്‌പോട്‌സ് സ്‌കൂളിലേക്ക് എട്ട്, പ്ലസ് വൺ ക്ലാസുകളിലായി ആൺകുട്ടികൾക്ക് മാത്രമാണ് സെലക്ഷൻ. കണ്ണൂർ സ്‌പോട്‌സ് സ്‌കൂളിൽ എട്ട്, പ്ലസ് വൺ ക്ലാസുകളിലേക്ക് പെൺകുട്ടികൾക്ക് മാത്രവും തൃശ്ശൂർ സ്‌പോട്‌സ് ഡിവിഷനിൽ എട്ടാം ക്ലാസ്സിൽ ആൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ നടത്തുന്നത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ആൺകുട്ടികൾ കുറഞ്ഞത് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തവരും എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് സ്‌കൂൾ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാമത്സരത്തിലെങ്കിലും പങ്കെടുത്തവരും ആയിരിക്കണം. പെൺകുട്ടികൾക്ക് സബ്ജില്ലാ-ജില്ലാ പ്രാതിനിധ്യം ബാധകമല്ല.
മെയ് മൂന്നിന് തിരുവനന്തപുരം മൈലം ജിവി രാജ സ്‌പോട്‌സ് സ്‌കൂൾ, മെയ് അഞ്ചിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്, മെയ് എട്ടിന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, മെയ് 10ന് കണ്ണൂർ പോലീസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സെലക്ഷൻ നടക്കുന്നത്. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോർട് സൈസ് ഫോട്ടോ, സ്‌പോട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ ഒൻപത് മണിക്ക് സെലക്ഷൻ സെന്ററിൽ എത്തിച്ചേരേണ്ടതാണ്.