ഗുരുവായൂർ ഉൽസവം: ഉൽസവബലി ദർശനത്തിന് ആയിരങ്ങളെത്തി; പള്ളി വേട്ട ഇന്ന്

6

ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഉത്സവ ബലി ദർശിച്ച് ആയിരങ്ങൾ. രാവിലെ പന്തീരടി പൂജക്കു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കിഴക്കേ നടയിലെ വലിയ ബലിക്കല്ലിനും നാലമ്പലത്തിനുള്ളിൽ സപ്തമാതൃക്കൾക്കും ഹവിസ് തൂകുന്ന ഉത്സവ ബലി സമയത്ത് ദർശനത്തിന് വൻ തിരക്കായിരുന്നു. ധ്വജദേവതകൾക്കും വലിയബലിക്കല്ലിനും ബലിതൂവിയതോടെ ചടങ്ങുകൾ സമാപിച്ചു. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നു. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭഗവാൻറെ തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചു. ഉത്സവബലിദിവസം സർവചരാചരങ്ങൾക്കും ഭക്ഷണം നൽകുകയെന്ന സങ്കൽപ്പത്തിൽ ദേശപകർച്ചയും സദ്യയും നടന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന വടക്കേനടക്കൽ സ്വർണപഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെക്കൽ, തായമ്പക എന്നിവയെല്ലാം സമാപിച്ചു. ശനിയാഴ്ച പള്ളിവേട്ടയാണ്. വൈകീട്ട് ദീപാരാധനക്കു ശേഷം ഗ്രാമപ്രദക്ഷിണം നടക്കും. വൈകീട്ട് പഴുക്കാമാണ്ഡപത്തിൽ കൊടിമരത്തറക്കൽ എഴുന്നള്ളിച്ച ശേഷം അവിടെയാണ് ദീപാരാധന. ഗജവീരൻമാരുടേയും പാണ്ടി മേളത്തിൻറെയും വാളും പരിചയും ഏന്തിയ കൃഷ്ണനാട്ടം കലാകാരൻമാരുടേയും അകമ്പടിയോടെയാണ് പുറത്തേക്ക് എഴുന്നെള്ളിപ്പ്. കുളപ്രദക്ഷിണം നടത്തി കിഴക്കെ ഗോപുരം വഴി അകത്തേക്ക് പ്രവേശിക്കും. രാത്രി ഒമ്പതിന് ശേഷം പള്ളിവേട്ട നടക്കും.

Advertisement
Advertisement