മെയ് 18 മുതൽ 21 വരെ ക്രോയേഷ്യ ആതിഥ്യം വഹിക്കുന്ന മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ലോകകപ്പിൽ ആദ്യമായി പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യൻ ടീമിൽ തൃശൂരിൽനിന്ന് മൂന്ന് പേർ ഇടം നേടി. അയ്യന്തോൾ സ്വദേശി എം.ജി. അരുൺ റാവു (36), ഇരിങ്ങാലക്കുട സ്വദേശികളായ ജിമ്മി ജോയ് (37), ജെനിൽ ജോൺ (40) എന്നിവരാണ് രാജ്യത്തിനായി കളത്തിലിറങ്ങുക. കഴിഞ്ഞവർഷം തിരുവനന്തപുരത്തു നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ജേതാക്കളായ കേരള ടീമിൽ അംഗങ്ങളായിരുന്ന മൂവരും സ്കൂൾ പഠന കാലം മുതൽ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും അന്തർ സർവകലാശാല ഗെയിംസുകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
അരുൺ റാവു ബാംഗ്ലൂരിൽ ടെക്‌നി കളർ ഇന്ത്യ ലീഗൽ കോൺസലും ജിമ്മി ജോയ് തിരുവനന്തപുരത്ത് എസ്.ടി.സി ടെക്നോളജിയിലും പ്രവർത്തിക്കുന്നു. ജെനിൽ ജോൺ പങ്ങാരപ്പള്ളി സെന്‍റ് ജോസഫ്‌സ് സ്കൂളിൽ കായികാധ്യാപകനും എം.ജി സർവകലാശാലയിലെ പാർട്ട് ടൈം പിഎച്ച്.ഡി വിദ്യാർഥിയുമാണ്.