ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ

19

എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും കാര്യമായി ഒന്നുംസംഭവിച്ചിട്ടില്ല. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനർജി, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹർജികൾ പരിഗണിക്കുന്നത്.

ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോൾ സി.ബി.ഐ.ക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർമേത്തയ്ക്ക് എത്താൻ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവെച്ചത്. ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതി കേൾക്കുന്നത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ നായർ എന്നിവരുടെ അപ്പീലുമുണ്ട്. കോൺഗ്രസ് നേതാവ് വി.എം. സുധീരനും പിന്നീട് കേസിൽ കക്ഷിചേർന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.