എല്ലാ ജില്ലകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

16

ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്നുളള പണം ഉപയോഗിച്ചായിരിക്കും പ്ലാന്റുകളുടെ നിര്‍മാണം. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പടെ പലയിടത്തും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 

ഈ നീക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഈ വര്‍ഷം ഇതുവരെ 700 മെഡിക്കല്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരിക്കുന്നത്. 

ഈ വര്‍ഷം ആദ്യം പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 201.58 കോടി രൂപ 162 പ്രഷര്‍ സ്വിങ് അഡ്‌സോര്‍പ്ഷന്‍ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനുവദിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.