രാജ്യം സജ്ജം: ഒരുമിച്ചു നീങ്ങണമെന്ന് പ്രധാനമന്ത്രി

13

കോവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചില നഗരങ്ങളില്‍ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികള്‍ നിര്‍മിച്ചു കഴിഞ്ഞു. രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. മേയ് ഒന്നുമുതല്‍ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ ആളുകള്‍ വീടുകളില്‍ നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. കുടിയേറ്റ തൊഴിലാളികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. എവിടെയാണോ കുടിയേറ്റ തൊഴിലാളികളുള്ളത് അവിടെ തന്നെ തുടരാന്‍ അവരോട് അഭ്യര്‍ഥിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് അപേക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു

ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്. നാളെ രാമനവമിയാണ്. എല്ലാവരും മര്യാദാപുരുഷോത്തമനായ ശ്രീരാമനെ പോലെ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മര്യാദ പാലിക്കണം. ഇത് പവിത്രമായ റംസാന്‍ കാലവുമാണ്. ധൈര്യവും ആത്മബലവും  നല്‍കുന്ന മാസമാണ് റംസാന്‍. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ഈ ആത്മബലവും ശക്തിയും നമുക്കുണ്ടാവണമെന്നും മോദി പറഞ്ഞു.