കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി

10

കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 

കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍  എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുകയാണ്.

പാര്‍ലമെന്റിലുള്ള എല്ലാവരും കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ എന്താണ് സമരത്തിന് പിന്നിലുള്ള കാരണമെന്ന് പറഞ്ഞില്ല. വെല്ലുവിളികളുണ്ട്. എന്നാല്‍ പ്രശ്‌നത്തിന്റെ ഭാഗമാവുകയാണോ അതോ പരിഹാരത്തിനുള്ള മാധ്യമമാവുകയാണോ വേണ്ടതെന്ന് നാം തീരുമാനിച്ചേ മതിയാകൂ.-മോദി പറഞ്ഞു. 

കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണോ അതോ കര്‍ഷകരോടുള്ള താല്‍പര്യം കൊണ്ടാണോ എന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകരെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവരുടെ അവസ്ഥ നമുക്ക് എല്ലാവര്‍ക്കും അറിയാം. 2014-നു ശേഷം അവരുടെ ക്ഷേമം മുന്‍നിര്‍ത്തി ചില നടപടികള്‍ എടുത്തതായും പ്രധാനമന്ത്രി പറഞ്ഞു. 

കര്‍ഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി. പി.എം.-കിസാന്‍ പദ്ധതി കൊണ്ടുവന്നു. ചെറുകിട കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഭരണസംവിധാനം കാരണം പശ്ചിമ ബെംഗളിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും ഈ ജോലി ചെയ്‌തേ മതിയാകൂ. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മോദി പറഞ്ഞു.