കോവിഡ് വ്യാപനഘട്ടത്തിലും ഇന്ത്യ കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് ഉത്പാദനം നടത്തിയെന്ന് പ്രധാനമന്ത്രി മോദി. വിളകള്‍ ഉത്പാദിപ്പിക്കുന്നവരാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വികസനത്തിന് പിന്നില്‍ കര്‍ഷകരാണ്. ചൗരി ചൗര സമരത്തിലും അവര്‍ പ്രധാനപങ്കുവഹിച്ചു. കഴിഞ്ഞ ആര് വര്‍ഷത്തിനിടെ കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി മഹാമാരിക്കാലത്ത് പോലും കാര്‍ഷിക മേഖല അഭിവൃദ്ധി പ്രാപിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ താല്പര്യത്തിനനുസൃതമായി നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. മാണ്ഡികളുടെ ലാഭത്തിനായി 1000 മാണ്ഡികളെ കൂടി ഡിജിറ്റല്‍ കാര്‍ഷിക വിപണിയായ ഇ-നാമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി വിശദീകരിച്ചു.
ചൗരി ചൗരാ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.