
ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങളുടെ പ്രകടനമാണ് മന്‍ കീ ബാത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത് നൂറാംപതിപ്പ് പൂര്‍ത്തിയാക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
‘ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരമാണ് തനിക്ക് മന്‍ കീ ബാത്. ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസമാണ്. ആത്മീയമായ യാത്രയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മന്‍ കി ബാത്’ മോദി പറഞ്ഞു.
എല്ലാ മാസവും ജനങ്ങള്‍ കാത്തിരിക്കുന്ന ഒരു ആഘോഷമായി ഇത് മാറി. മന്‍ കീ ബാത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ വായിക്കുമ്പോള്‍ വികാരങ്ങളാല്‍ തളര്‍ന്നുപോയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മന്‍ കീ ബാതിന്റെ ഓരോ എപ്പിസോഡിലും ആളുകള്‍ പരസ്പര സഹകരണത്തിന് പ്രചോദനമായിട്ടുണ്ട്. ‘സ്വച്ഛ് ഭാരത്’ മുതല്‍ ആസാദി ക അമൃത് മഹോത്സവ് വരെ മന്‍ കീ ബാതില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പിന്നീട് പൊതു പ്രസ്ഥാനങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്ന പ്രചാരണം ഹരിയാനയില്‍ നിന്നുതന്നെയാണ് ഞാന്‍ ആരംഭിച്ചത്. ഇത് ഹരിയാനയിലെ ലിംഗാനുപാതം വര്‍ധിക്കാന്‍ ഇടവരുത്തി. ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ ക്യാമ്പയിന്‍ എന്നെ വളരെയധികം സ്വാധീനിച്ചു, എന്റെ എപ്പിസോഡില്‍ ഞാന്‍ അത് പരാമര്‍ശിച്ചു. താമസിയാതെ ഈ ‘സെല്‍ഫി വിത്ത് ഡോട്ടര്‍’ ക്യാമ്പയിന്‍ ആഗോളമായി മാറി. ഈ ക്യാമ്പയിന്റെ ലക്ഷ്യം ഒരാളുടെ ജീവിതത്തില്‍ മകളുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുക എന്നതായിരുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
2014 ഒക്ടോബര്‍ മൂന്നിനാണ് ‘മന്‍ കീ ബാത്’ ആരംഭിച്ചത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി നിലയങ്ങളിലൂടെയും ദൂരദര്‍ശനിലൂടെയും പരിപാടി ജനങ്ങളിലെത്തുന്നത്.