അഗ്നിപഥിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു: ബീഹാറിൽ ഇന്ന് ബന്ദ്; പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം

17

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നു. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാൾ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. 

Advertisement

ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.

അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടർന്ന് വിച്ഛേദിച്ച ഇൻറർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. അതെ സമയം അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാൻ സർക്കാർ നിർദ്ദേശം നൽകി. സായുധ സേനകൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നല്കിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്തുന്നത് ആലോചിക്കും. 

Advertisement