
ദക്ഷിണാഫ്രിക്കയില്‍ നിന്ന് രാജ്യത്തെത്തിച്ച ‘ഉദയ്’ എന്ന ആണ്‍ചീറ്റയുടെ മരണകാരണം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ചീറ്റകളുടെ രണ്ടാം ബാച്ചിലായിരുന്ന ഉദയുടെ വരവ്. ഫെബ്രുവരി 18-ന് രാജ്യത്തെത്തിയ ചീറ്റകളുടെ രണ്ടാം ബാച്ചില്‍ 12 ചീറ്റകളുണ്ടായിരുന്നു.
മാര്‍ച്ച് 27-ന് വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂലം ‘സാഷ’ എന്ന പെണ്‍ചീറ്റ ചത്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് രാജ്യത്തെത്തിയ ആദ്യ ബാച്ച് ചീറ്റകളിലൊന്നായിരുന്നു സാഷ. അഞ്ചു ആണ്‍ചീറ്റകളും മൂന്ന് പെണ്‍ചീറ്റകളുമാണ് ആദ്യ ബാച്ചിലെത്തിയത്.
വംശമറ്റതിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തേക്കുള്ള ചീറ്റകളുടെ വരവ്. രാജ്യത്തെത്തിയ ചീറ്റകളെയെല്ലാം ക്വാറന്റീനില്‍ പാര്‍പ്പിച്ച ശേഷമാണ് വനത്തിലേക്ക് തുറന്നു വിട്ടത്. വനംവകുപ്പ് അധികൃതരും വെറ്ററനിറി ഡോക്ടര്‍മാരും സദാ ചീറ്റകളുടെ ആരോഗ്യസ്ഥിതിയില്‍ ജാഗരൂകരാണ്.
ചീറ്റകളുടെ വിയോഗവാര്‍ത്തകള്‍ക്കിടെ മറ്റൊരു സന്തോഷ വാര്‍ത്തയ്ക്ക് കൂടി കുനോ ദേശീയോദ്യാനം സാക്ഷിയായിരുന്നു. മാര്‍ച്ച് 29-നാണ് നാല് ചീറ്റ കുഞ്ഞുങ്ങളുടെ ജനനത്തിന് ദേശീയോദ്യാനം സാക്ഷിയാവുന്നത്. ആദ്യ ബാച്ചിലെത്തിയ ചീറ്റയുടേതാണ് ഈ നാല് കുഞ്ഞുങ്ങളും.