
രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് പട്‌ന ഹൈക്കോടതിയുടെ സ്റ്റേ. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരേ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.
തനിക്കെതിരായ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
കേസില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയില്‍ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15-ന് പരിഗണിക്കും.
2019-ല്‍ ബെല്ലാരിയില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ‘എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.