സി.ബി.ഐയുടെ പുതിയ ഡയറക്ടറായി മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു

27

സി.ബി.ഐയുടെ പുതിയ ഡയറക്ടറായി മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോധ് കുമാര്‍ ജയ്സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. ലോക്സഭാ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ചീഫ് ജസ്റ്റിസ് എന്‍.വി. രമണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. 

1985 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ ജയ്സ്വാള്‍, ഇപ്പോള്‍ സി.ഐ.എസ്.എഫ്. മേധാവിയായി സേവനം അനുഷ്ഠിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണര്‍, മഹാരാഷ്ട്ര ഡിജിപി എന്നീ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.