H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം; ജാഗ്രതാ നിർദേശം

9

വ്യാപകമായ പനിക്കും മറ്റ് വൈറൽ രോ​ഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കർണാടകയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കേന്ദ്രആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
രാജ്യത്ത് നിലവിൽ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് H1N1 ഇൻഫ്ലുവെൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാ​ഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇൻഫ്ളുവൻസ കേസുകളിൽ വൻ വർധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോ​ഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.

Advertisement
Advertisement