ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗം ഇന്നാരംഭിക്കും: അധ്യക്ഷ പദവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ അധ്യക്ഷത വഹിക്കുന്നത് ആദ്യം

20

ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ യോഗം ഇന്നാരംഭിക്കും. ആഗസ്റ്റ് മാസത്തെ എല്ലാ യോഗങ്ങളുടേയും അദ്ധ്യക്ഷത സ്ഥാനം ഇന്ത്യക്കാണ്. അദ്ധ്യക്ഷത വഹിക്കുന്ന രാജ്യങ്ങളാണ് യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. ആഗോള സമാധാനത്തെ മുൻനിർത്തിയുള്ള വിഷയങ്ങളാണ് ഇന്ത്യ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക. ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന അംഗീകര മാണിതെന്ന് സഭ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.

ലോകരാജ്യങ്ങളെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളെ മുൻനിർത്തിയാണ് ഇന്ത്യ വിഷയങ്ങൾ അവതരിപ്പിക്കുകയെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. സമുദ്രമേഖലാ സുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിൽ വിഷയങ്ങൾ അവതരിപ്പിക്കുക. ഇന്ത്യ ഭീകരതയ്‌ക്കെതിരെ എടുക്കുന്ന നിലപാടുകൾ ലോകരാജ്യങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

അദ്ധ്യക്ഷം വഹിക്കുന്ന രാജ്യത്തിന്റെ ഉന്നത തല ഭരണനേതൃത്വത്തിന് സുരക്ഷാ കൗൺസിലിന്റെ വിവിധ യോഗങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും യോഗങ്ങളിൽ പങ്കെടുക്കും. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് ചരിത്രനിയോഗമാണ്.സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് വരുന്നത്. ഇന്ത്യയെ അദ്ധ്യക്ഷത വഹിക്കണമെന്ന് 15 അംഗ സുരക്ഷാ കൗൺസിലിൽ ആവശ്യം ഉന്നയിച്ചത് ഫ്രാൻസാണ്. ആഗോള ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന ശക്തമായ നീക്കമാണ് ഫ്രാൻസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1992ൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവും ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു.