സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ല; വാട്സാപ്പിന് കേന്ദ്രത്തിന്റെ മറുപടി

17

പുതിയ ഐ.ടി നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ വാട്ട്‌സ്ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ അത് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്രം വിശദീകരിച്ചു. 

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ കടമയാണ്. അതേസമയം രാജ്യത്തെ നിയമവ്യവസ്ഥകള്‍ പാലിച്ച് ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 

രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പെടെ ഒരു മൗലിക അവകാശവും കേവലമല്ല. അത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യസുരക്ഷയേയും പൊതുനിയമങ്ങളേയും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തേയും ബാധിക്കുന്ന ചില കാര്യങ്ങള്‍ തടയാനും കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനുമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. അത് സ്വകാര്യത ലംഘനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.