തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ കുറ്റപത്രം: ചെന്നിത്തലയുടെ ആരോപണങ്ങൾ മാധ്യമങ്ങളിൽ ഒതുങ്ങി; ജനങ്ങളെ മനസിലാക്കിയില്ല, കിറ്റിനെ ആക്ഷേപിച്ചപ്പോൾ അത് കൊണ്ടത് ആയിരക്കണക്കിന് മനസുകളിലാണ്, പകുതിയിൽ ഉമ്മൻ‌ചാണ്ടിയെ നേതൃത്വത്തിലെത്തിച്ചതും തിരിച്ചടിച്ചു

15

തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെതിരെ കുറ്റപത്രമായി ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി പഠന റിപ്പോർട്ട്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കളെയെല്ലാം പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടിൽ എഐസിസി നേതൃത്വത്തെയും വിമർശിക്കുന്നു. മുമ്പുണ്ടായിട്ടില്ലാത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടതെന്നാണ് ആമുഖത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ വിലയിരുത്തൽ. 95 സീറ്റിൽ മത്സരിച്ചിട്ടും അതിന്റെ നാലിലൊന്നുപോലും നേടാനായില്ല. ചെന്നിത്തലയുടെ ആരോപണങ്ങൾ ടിവി ചാനലുകളിൽ മാത്രമൊതുങ്ങി, അവ ജനങ്ങളിലേക്ക് എത്തിയില്ല.

ഉമ്മൻചാണ്ടിയെ അവസാനനിമിഷം നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് മുന്നണിയുടെ ദൗർബല്യം സ്വയം തുറന്നുകാട്ടുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനപിന്തുണയില്ലാത്ത ചിലരെയാണ് വാർറൂംപോലെയുള്ള സെൻസേഷണൽ ചുമതലകൾ ചെന്നിത്തല ഏൽപ്പിച്ചത്. കെപിസിസി ആസ്ഥാനം തെരഞ്ഞെടുപ്പ് കാലത്ത് അടച്ചിട്ടു. പ്രവർത്തകരിൽനിന്ന് ഏറെ അകലത്തിലാണെന്ന തോന്നലുളവാക്കിയ പ്രസിഡന്റിനെ നേതാക്കൾക്കുപോലും ഫോണിൽ ലഭിച്ചില്ല.

ജാതിമത പ്രീണനവും അവരോടുള്ള അതിരുകടന്ന ആശ്രയത്വവും കോൺഗ്രസിന് ദോഷംചെയ്യുന്നെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇത്തരം കൂട്ടുകെട്ടുകളുടെ വിജയം ശാശ്വതമല്ല. തീവ്ര ചിന്താഗതിക്കാരുമായി യുഡിഎഫ് അടുക്കുന്നെന്ന തോന്നൽ സമാധാനകാംക്ഷികളായ മുസ്ലിംവിഭാഗങ്ങളിലും രാജ്യസ്നേഹികളായ മിതവാദികളിലും വലിയ സംശയങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കി. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ച് മത്സരിക്കാൻ തീരുമാനിക്കുകകൂടി ചെയ്തപ്പോൾ മുമ്പ് അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ചപ്പോഴുണ്ടായ മാനസികാവസ്ഥ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരിലും യുവതലമുറയിലും ഉണ്ടായി. കോൺഗ്രസിന് കെട്ടുറപ്പുള്ള നേതൃത്വമില്ലെന്ന് കൊച്ചുകുട്ടികൾക്കുപോലും തോന്നി. കിറ്റിനും പെൻഷനുമെതിരെ നേതാക്കൾ പ്രസംഗിച്ചത് എല്ലാമാസവും അത് കൃത്യമായി വാങ്ങുന്ന ഗുണഭോക്താക്കളോടായിരുന്നു. എഐസിസി പ്രതിനിധികൾ സ്ഥാനാർഥിയെ കണ്ടെത്താൻ സർവേ നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ട് ഏതെങ്കിലും ഘടകത്തിൽ ചർച്ചചെയ്തതായി അറിവില്ല. അങ്ങനെയെങ്കിൽ പരാജയത്തിൽ എഐസിസിയുടെ പങ്കെന്താണെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.