ത്രിതല പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ് ഇന്ന്; തൃശൂർ ജില്ലാ പഞ്ചായത്തിൽ സി.പി.എം നേതാവ് പി.കെ ഡേവിസ് പ്രസിഡണ്ടാവും, സി.പി.ഐയിലെ ഷീന പറയങ്ങാട്ടിൽ വൈസ് പ്രസിഡണ്ടാവും

68

ജില്ലാ പഞ്ചായത്ത്-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ  തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും  ഇന്ന് നടക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനും  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളുകളില്‍ നടക്കും. ജില്ലാ കളക്ടര്‍മാരാകും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുക.

ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരുടെ  തിരഞ്ഞെടുപ്പും അതത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ നടക്കും. തൃശൂർ ജില്ലാ പഞ്ചായത്തിൽ സിപിഎമ്മിലെ പി.കെ ഡേവിസ് പ്രസിഡണ്ടാവും സിപിഐയിലെ ഷീന പറയങ്ങാട്ടിൽ വൈസ് പ്രസിഡണ്ടാവും. 29 അംഗങ്ങളുള്ളതിൽ എൽ.ഡി.എഫിന് 24ഉം യു.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്.

വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ത്രിതലപഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ബുധനാഴ്ച രാവിലെ പത്തിന് മുതിര്‍ന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം.

സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് ഉള്ളത്. നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു