നേമത്തെ സസ്പെൻസിന് ക്ലൈമാക്സ്‌: കെ.മുരളീധരൻ സ്ഥാനാർഥിയാവും ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിൽ തന്നെ; പട്ടിക ഇന്ന് ഉച്ചയോടെ

9

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമായി. നേമത്ത് കെ. മുരളധീരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. അവസാന ഘട്ടത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്. 

നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ബിജെപിയുടെ കൈവശമുള്ള നേമം പിടിച്ചെടുക്കാന്‍ കരുത്തന്‍ തന്നെ രംഗത്തിറങ്ങണമെന്ന നിര്‍ബന്ധമാണ് മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

കുണ്ടറയില്‍ പി.സി വിഷ്ണുനാഥ് സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ കെ.ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും മത്സരിച്ചേക്കും. ഇരുവര്‍ക്കും സംസ്ഥാന നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കനത്ത സമ്മര്‍ദ്ദമാണ് ബാബുവിന് തുണയായതെന്നാണ് വിവരം. നേരത്തെ സൗമിനി ജെയ്‌നിന്റെയും വേണു രാജാമണിയുടെയും പേരുകള്‍ തൃപ്പൂണിത്തുറയില്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ ചര്‍ച്ചകള്‍ ബാബുവിലേക്കെത്തുകയായിരുന്നു. 

വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറും കൊട്ടാരക്കരയില്‍ ആര്‍. രശ്മിയും മത്സരത്തിനിറങ്ങും. കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി മണ്ഡലങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസം രാത്രിയും ഏറെനേരം നീണ്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിട്ടില്ല. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ചില മണ്ഡലങ്ങള്‍ ഒഴിച്ചുള്ള സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കുമെന്നാണ് സൂചന.