സ്വർണക്കടത്ത് അന്വേഷണം: കസ്റ്റംസ് തൃശൂരിൽ; ഫൈസൽ ഫരീദിന്റെ കൈപ്പമംഗലത്തെ വീട്ടിൽ പരിശോധന നടത്തുന്നു

79

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി കൈപ്പമംഗലം മൂന്ന് പീടിക സ്വദേശി ഫൈസൽ ഫരീദിന്റെ കൈപ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. ഇയാൾ സ്വർണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്നാണ് കണ്ടെത്തൽ. ഗൾഫിൽ സ്വർണം സംഘടിപ്പിക്കൽ, ഡിപ്ലൊമാറ്റിക് ബാഗേജിലെ പാക്കിംഗ് എന്നിവ ഫൈസലിന്റെ ഉത്തരവാദിത്തമാണത്രേ.

Advertisement

മുമ്പും നിരവധി തവണ ഫൈസൽ ഇത്തരത്തിൽ സ്വർണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തിയ സ്വർണ്ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ദുബായ് ഷാർജാ അതിർത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിംഗിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊവിഡ് മൂലം അടഞ്ഞ് കിടന്ന ഫാക്ടറി സ്വർണം പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു.

കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന വ്യക്തിയാണ് ഫൈസൽ ഫരീദ്. ഫൈസൽ ഫരീദിനെ യു.എ.ഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻ.ഐ.എ പറയുന്നു.

Advertisement