അരങ്ങിലെ വിസ്മയം ശതാബ്‌ദി നിറവിൽ: കലാമണ്ഡലം ഗോപിക്ക് ഇന്ന് പിറന്നാൾ; നളചരിതം ആട്ടക്കഥയെ ജനകീയമാക്കി, മഹാമാരിക്കാലത്ത് ആഘോഷങ്ങളില്ലാതെവീട്ടുകാർക്കൊപ്പം

34

അരങ്ങിലെ വിസ്മയം കഥകളിയിലെ നിത്യഹരിത നായകൻ കലാമണ്ഡലം ഗോപിക്ക് ഇന്ന് പിറന്നാൾ. ശതാബ്‌ദി നിറവിലാണ് മലയാളത്തിന്റെ അരങ്ങിലെ നളൻ. കോവിഡ് മഹാമാരിക്കാലത്ത് ആഘോഷങ്ങളൊന്നുമില്ല. ഭാര്യക്കും മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം വീട്ടിലൊതുങ്ങുകയാണ് പിറന്നാൾ ആഘോഷം. 1937 മെയ് 21 ആണ് ജനന തിയ്യതിയെങ്കിലും. ഇടവത്തിലെ അത്തം നക്ഷത്രത്തിലാണ് പിറന്നാൾ. ഗോപിയാശാന്റെ എൺപതാം പിറന്നാൾ മൂന്ന് വർഷം മുൻപ് തൃശൂരിൽ നാലു ദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു പിറന്നാൾ. കഥകളിയരങ്ങില്‍ തന്റെതായ ഒരു ശൈലി സൃഷ്ടിച്ചെടുത്ത മഹാനായ നടനാണ് ഗോപിയാശാൻ. വി. എം. ഗോവിന്ദന്‍ എന്നാണ് യഥാർത്ഥ പേര്.
ഒന്‍പതാം വയസ്സില്‍ ഓട്ടന്‍ തുള്ളല്‍ പരിശീലനത്തിലൂടെയാണ് അദ്ദേഹം കലാരംഗത്തെത്തുന്നത്. കെ. പി. പരമേശ്വരന്‍ നമ്പീശനു കീഴിലാണ് അദ്ദേഹം ഓട്ടന്‍ തുള്ളല്‍ പഠിച്ചത്. തുടര്‍ന്ന് തേക്കിന്‍ കാട്ടില്‍ രാവുണ്ണി നായര്‍ക്കു കീഴില്‍ കഥകളി അഭ്യസനം ആരംഭിച്ചു. കലാമണ്ഡലത്തില്‍ വാഴേങ്കട കുഞ്ചു നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങിയ പ്രഗ്ത്ഭരായ ആശാന്മാര്‍ക്കു കീഴില്‍. തുടര്‍ന്ന് കലാമണ്ഡലത്തില്‍ അധ്യാപകനായി നിയമിതനായി. പുരാണ കഥകളെക്കുറിച്ച് ആഴത്തിലുള്ള അറിവും, മനോധര്‍മ്മ പ്രകടനങ്ങളിലെ മികവും അദ്ദേഹത്തിന്റെ അവതരണങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. കഥകളിയിലെ പച്ച വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അതുല്യൻ. നളചരിതത്തിലെ നളന്‍, കാലകേയ വധത്തിലെ അര്‍ജ്ജുനന്‍, കല്യാണ സൗഗന്ധികത്തിലെ ഭീമന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ വേഷങ്ങളാണ്. നളചരിതം ആട്ടക്കഥയെ ജനകീയമാക്കിയത് ആശാനാണ്. കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കഥകളി അരങ്ങിനൊപ്പം വെള്ളിത്തിരയിലും മികവാർന്ന വേഷങ്ങൾ കൈകാര്യം ചെയ്തു. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം അഭിനയിച്ചു. കോവിഡ് കാലത്ത് ഓൺലൈനിൽ വീട്ടകങ്ങളെ അരങ്ങാക്കി മാറ്റിയുള്ള പരിപാടികളിലായിരുന്നു. ഇതിനിടെ കവിതയെഴുത്തിലേക്കും കടന്നു. ഇടതുമുന്നണിയെ തുടർഭരണത്തിലേറ്റിയ ചരിത്ര വിജയത്തെ വിഷയമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമികവും വ്യക്തമാക്കിയ കവിത സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി.