തുറന്നടിച്ച് പി.പി.മുകുന്ദൻ: പുറത്തുവന്ന ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെ: കുഴൽപ്പണ ഇടപാടിൽ നേതാക്കളുടെ വിശദീകരണത്തിൽ വൈരുധ്യങ്ങളാണ്, ആദർശത്തോടെ പാർട്ടിയിൽ പ്രവർത്തിച്ചവർ ഇപ്പോൾ മാറി നിൽക്കുകയാണ്, രോഗം ബി.ജെ.പിെയ മാത്രമല്ല പരിവാര സംഘടനകളെയെല്ലാം ബാധിച്ചു, കേരളത്തിൽ ബി.ജെ.പിയുെട രാഷ്ട്രീയപ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യം, നടത്തേണ്ടത് അടിമുടി മാറ്റേണ്ട മേജർ ശസ്ത്രക്രിയയെന്നും മുകുന്ദൻ

34

സി.കെ.ജാനുവിനെ എൻ.ഡി.എയിൽ പ്രവേശിപ്പിക്കുന്നതിന് പണം നൽകിയെന്ന പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി.മുകുന്ദൻ. അതൊരു കെണിയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് സുരേന്ദ്രന്റെ ജാഗ്രതക്കുറവാണെന്നും മുകുന്ദൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ സുതാര്യമായ മറുപടി പറയണം. കുഴല്‍പ്പണ ഇടപാടില്‍ ബി.ജെ.പി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുധ്യമുണ്ട്. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. പണ്ട് ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു ഫിനാന്‍സ് കമ്മിറ്റിയുണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ…? കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം. പരിവാര സംഘടനകളെയും ഇത് ബാധിച്ചു. പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണം. രോഗം ബി.ജെ.പിയെ ബാധിച്ചുകഴിഞ്ഞു. ചികിത്സയിൽ ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും മുകുന്ദൻ പറയുന്നു. ഇത്തരത്തില്‍ ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയില്‍ നേതൃത്വമാറ്റം അനിവാര്യമാണ്. അതെങ്ങനെ വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടപ്പെടും. ആർ.എസ്.എസില്‍ നിന്നും പാര്‍ട്ടിയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങള്‍ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇടപെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ കേരളത്തിലെ പാര്‍ട്ടിയ്ക്ക് ഈ സ്ഥിതിയുണ്ടാകുമായിരുന്നില്ലെന്ന് പി.പി.മുകുന്ദന്‍ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്ത നേതൃത്വത്തിന്റെ പ്രസ്താവനകള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുമുണ്ടായെന്നും മുകുന്ദന്‍ ആരോപിച്ചു. ഈ പോക്ക് എങ്ങോട്ട് എന്ന് ഞാന്‍ ഇതേക്കുറിച്ച് നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കെ.സുരേന്ദ്രന്‍ പ്രസിഡന്റായശേഷം കണ്ണൂരില്‍ വന്നപ്പോള്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. എന്നെ ബ്ലോക്ക് ആക്കിയിരിക്കാമെന്നും മുകുന്ദൻ പറഞ്ഞു.