നിലവിൽ ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതീകവാദ ദർശനം പ്രായോഗികമല്ലെന്ന് സി.പി.എം നേതാവ് എം.വി.ഗോവിന്ദൻ

35
5 / 100

നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനം പ്രായോഗികമല്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. മതാവകാശം നിഷേധിക്കപ്പെടുന്ന വേളയിൽ അതു തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിലായിരുന്നു അദ്ദേഹം. ‘ബൂർഷ്വാ ജനാധിപത്യം പോലും യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം ജീർണമാണ് ഇന്ത്യൻ സമൂഹം. ഭൗതികവാദ നിലപാട് പോലും സ്വീകരിക്കാൻ പശ്ചാത്തലമില്ലാത്ത ഒരു രാജ്യത്ത് വൈരുദ്ധ്യാത്മക ഭൗതികവാദ ദർശനം പകരം വെയ്ക്കണം എന്ന് പറയുന്നത് ഒരിക്കലും സാധിക്കുന്ന ഒന്നല്ല. ഇന്ത്യൻ സമൂഹത്തിന് ദഹിക്കാൻ കഴിയുന്ന ആശയങ്ങളുമായി മാത്രമേ ഏതു പുരോഗമന പ്രസ്ഥാനത്തിനും മുമ്പോട്ടു പോകാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘ ഇന്ത്യ വ്യത്യസ്ത ജാതിമത വിഭാഗങ്ങളുള്ള ഒരു നാടാണ്. വൈവിധ്യവൽക്കരണമാണ് മനുഷ്യസമൂഹത്തിന്റെ തന്നെ പൊതുരൂപം. ഏതെങ്കിലും ഒരു ജാതി, ഏതെങ്കിലും ഒരു മതം, ഏതെങ്കിലും ഒരു വംശം അങ്ങനെയല്ല. ഹിന്ദുവായാലും മുസൽമാനായും ക്രിസ്ത്യാനിയായാലും അതിൽ വലിയൊരു വിഭാഗവും വിശ്വാസികളാണ്. അത് ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായ ദൈവീകമായ സങ്കൽപ്പങ്ങളെയുമെല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് വൈരുധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ ഇന്നത്തെ ഈ ഫ്യൂഡൽ പശ്ചാത്തലത്തിൽ നിർത്തി ബദലായി മുന്നോട്ടേക്കു പോകാവൂ എന്ന് പറയുന്നതേ തെറ്റ്. സാധിക്കില്ല എന്നാണ് ഞാൻ ഉറപ്പിച്ചു പറയുന്നത്’ – ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഇക്കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഫലപ്രദമായി പ്രയോഗിക്കേണ്ടുന്ന അതിന്റെ അടവുപരമായ നിലപാടുകളെ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അബദ്ധത്തിലേക്ക് ചെന്നുചാടും. ഒരു പാർട്ടി മതത്തെ അടിസ്ഥാനപ്പെടുത്തി ഭരണകൂട പ്രക്രിയയിലേക്ക് കടക്കുന്നതിനെ ആണ് വർഗീയത എന്ന് പറയുന്നത്.
വർഗീയതയ്‌ക്കെതിലെ നിലപാടെടുക്കുമ്പോൾ തന്നെ അവരവരുടെ വിശ്വാസത്തെ നിഷേധിക്കാൻ പാടില്ല. ആ അവകാശം നിഷേധിക്കുന്ന ഘട്ടം വന്നാൽ ആ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പന്തിയിൽ നിൽക്കാൻ ചെമ്പതാക ഏന്തിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോലും ബാധ്യതയുണ്ട്. അതാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട്. ആ നിലപാട് കൃത്യമായി മനസ്സിലാക്കാതെ നമുക്ക് ശരിയായ ദിശാബോധത്തോടെ മുമ്പോട്ടു പോകാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.