പാർട്ടി യോഗത്തിൽ പരിധിവിട്ട പെരുമാറ്റം: പി.ജയരാജനും കെ.പി.സഹദേവനും സി.പി.എമ്മിന്റെ താക്കീത്

32

പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെ.പി സഹദേവനും സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ‘താക്കീത്’. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സൈബര്‍ ഇടത്തിലെ ക്രിമിനല്‍ ബന്ധമുള്ള സഖാക്കള്‍ നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് പി ജയരാനും കെപി സഹദേവനും പരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ യോഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. പാര്‍ട്ടി യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളില്‍ നിന്നുണ്ടായതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നല്‍കിയ റിപ്പോര്‍ട്ട്. ഇതു പരിഗണിച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

ചൊവ്വാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും കര്‍ശന താക്കീത് നല്‍കിയത്.