വൈറലായി കണ്ണൂരിലെ കല്യാണോൽസവം

12

സമൂഹമാധ്യമങ്ങളിൽ വൈറലായി കണ്ണൂരിലെ വീട്ടിലെ കല്യാണത്തലേന്നത്തെ ആഘോഷം. മനസുകളെ ഏറെ ആഹ്ളാദിപ്പിക്കുകയും പുളകിതരാക്കുകയും ചെയ്യുന്ന നാടൻ ചേല്. അതാവാം വീഡിയോ ഇത്രമാത്രം ആളുകൾ ഏറ്റെടുക്കാൻ കാരണമെന്നാണ് കരുതുന്നത്. ഒരു വിവാഹ വീട്ടിൽ നിന്നുള്ളതാണ് വീഡിയോ, എന്നാൽ അതിൽ വിവാഹ ചടങ്ങുകളോ, വധൂവരൻമാരോ ഒന്നുമില്ല. വിവാഹ തലേന്ന് സൽക്കാര പന്തലിൽ വിളമ്പുകാരായ ഒരു കൂട്ടത്തിന്റെ താളം പിടിക്കലാണ്. അതിന്, ആ വീഡിയോക്ക് ആസ്വാദന കുറിപ്പെഴുതി, കൊച്ചു സിനിമ പോലെ ഏറ്റെടുത്തിരിക്കുകയാണ് കേരളം മുഴുവനും. കല്യാണത്തലേന്ന് പ്ലേറ്റിൽ നിറച്ചുവച്ച ബിരിയാണി ചോറു കാണാം വീഡിയോയിൽ. ആൾത്തിരക്കൊഴിഞ്ഞ് ഗാനമേള ചുവടുകളിലേക്ക് ആഘോഷം മാറിയിരുന്നു. വൈകിയെത്തിയവർക്കും വിളമ്പുകാർക്കും ബിരിയാണി വിളമ്പുന്നവരുടെ ചെറു കൂട്ടം മാത്രമാണ് വേദിക്ക് പിന്നിലെ കലവറയ്ക്കരികിലുണ്ടായിരുന്നത്. ഈ സമയത്തായിരുന്നു കാമറാമാൻ ലിജോയ് അതുവഴി വന്നത്. ഗാനമേള നടക്കുമ്പോഴും അതിനപ്പുറത്ത് ലൈഫുള്ള ചില രംഗങ്ങൾ ഇവിടെയുണ്ടെന്ന് ലിജോ ദൃശ്യങ്ങളിലൂടെ കാണിച്ചു തരികയായിരുന്നു.
അവിടെ ആ ചുവടുകൾക്ക് വലിയ സന്തോഷമുണ്ടായിരുന്നു. രാത്രി ഒമ്പതരയോടെയാണ് ആ ദൃശ്യം പകർത്തിയത്. കലവറയ്ക്ക് തൊട്ടുപിന്നിലായി ഗാനമേള നടക്കുകയായിരുന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് കുശ്നിക്കാരും വിളമ്പുകാരും ചെറുതായി ചുവടുവച്ചത്. അതിനൊരു സന്തോഷവും സൌന്ദര്യവും ഉണ്ടായിരുന്നു. അധികം തിരക്കില്ലാത്ത സമയമായിരുന്നതുകൊണ്ട് അവർ വിളമ്പുകാരും ആശ്വാസത്തിലാണ് ജോലി ചെയ്തത്. വിളമ്പുന്നവരും കുശ്നിക്കാരുമെല്ലാം അവസാനമാണ് ഭക്ഷണം കഴിക്കുക, ഒപ്പം വൈകിയെത്തുന്ന ചിലരുമുണ്ടാകും. ആ സമയത്ത് നല്ലൊരു പാട്ടുകൂടി കേട്ടതോടെ അവർ സ്വയം ഡാൻസ് ചെയ്യുകയായിരുന്നു. ലിജോയുടെ വീഡിയോ മന്ത്രി ശിവൻകുട്ടി അടക്കമുള്ള നിരവധി പേരാണ് ഷെയർചെയ്ത് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement
Advertisement