ശശി തരൂർ വിലക്കിൽ നേതൃത്വത്തിന് പരാതി അയച്ച് എം.കെ രാഘവൻ: കുത്തിയാൽ പൊട്ടുന്ന ബലൂണിനേയും സൂചിയെയും ബഹുമാനിക്കുന്നുവെന്ന് സതീശന് വിമർശനം, എന്ത് വിഭാഗീയ പ്രവർത്തനമാണ് നടത്തിയതെന്ന് പറയണമെന്ന് ശശി തരൂർ

5

ശശി തരൂര്‍ എം.പിയെ വിലക്കിയതിനെതിരെ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പരിപാടി വിലക്കിയതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി. പ്രസിഡന്റിനും പരാതി നല്‍കുമെന്ന നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.കെ. രാഘവന്റെ നടപടി.

Advertisement

പരിപാടി മാറ്റിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന കാലിക പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാര്‍ എന്തുകൊണ്ടുമാറ്റിവെച്ചുവെന്നും അതിന്റെ കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നടപടിവേണമെന്നും എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു. തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂര്‍ എം.പിയുടെ മലബാര്‍ സന്ദര്‍ശനത്തില്‍ യാതൊരു വിഭാഗീയപ്രവര്‍ത്തനവുമില്ലെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. തങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നവരാണ്. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനേയും സൂചിയേയും അത് പിടിക്കുന്ന കൈകളേയും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം വി.ഡി. സതീശന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി. ആരേയും എതിര്‍ക്കാനും നിരാകരിക്കാനും തങ്ങളില്ല. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. നേതൃത്വം വിളിച്ചാല്‍ സംസാരിക്കാന്‍ തയ്യാറാണ്. മാന്യമായ രാഷ്ട്രീയമാണ് തങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ തരൂരിനൊപ്പം നിലയുറപ്പിച്ചതെന്നും എം.കെ. രാഘവന്‍ പറഞ്ഞു. ശശി തരൂരിനൊപ്പം തലശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement