
കണ്ണൂരിലെ ധനകാര്യ സ്ഥാപനത്തിൽ തോക്ക് കാണിച്ച് പണം കവർന്ന പ്രതി പിടിയിൽ. പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെ ആണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയത്. ഇയാളെ പിന്നീട് പോലീസിൽ ഏൽപ്പിച്ചു. കൂട്ടുപുഴ പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫൈനാൻസിൽ ആണ് യുവാവ് കവർച്ച നടത്തിയത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം.
ഒരു വനിതാ ജീവനക്കാരി മാത്രമുള്ളപ്പോൾ സ്ഥാപനത്തിൽ കയറിയ യുവാവ് കൈയ്യിലെ തോക്ക് കാണിച്ച് പണം കവരുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. അബ്ദുൾ ഷുക്കൂറിനെ പിന്നീട് പോലീസിന് കൈമാറി. ഇയാളുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്ന് പിന്നീട് പൊലീസ് പരിശോധനയിൽ വ്യക്തമായി.